ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവര്ത്തകന് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയില്‍ എത്തിച്ചേക്കും. രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇന്നലെ താലിബാന് റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ താലിബാനും അഫ്ഗാന് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
ഡാനിഷ് മരണത്തിന് മൂന്ന് ദിവസം മുന്‍പാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കയ്യില്‍ ചെറിയ പരിക്ക് പറ്റിയതായി അന്ന് പിതാവിനോട് പറഞ്ഞിരുന്നു. അധികം വൈകാതെ മകന് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ധീരനും സ്നേഹനിധിയുമായ മകനെയാണ് തനിക്ക് നഷ്ടമായതെന്ന് ഡാനിഷിന്റെ പിതാവ് മുഹമ്മദ് അക്താര്‍ സിദ്ദിഖി പറഞ്ഞു. എന്നും അഭിമാനമാണ് മകനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. 2018ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് ഡാനിഷിനെ പുലിറ്റ്സര്‍ തേടിയെത്തിയത്.
Discussion about this post