ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാമെന്ന് സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയനേതൃത്വത്തിന് മുന്നില്‍ ഉപാധിവെച്ചാണ് സ്ഥാനം ഒഴിയാമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളില്‍ ഒന്നെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെയാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. പ്രധാനമന്ത്രിയെ കാണുക, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജണ്ടകളുമായാണ് അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്. ഇന്നാണ് നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് യെദ്യൂരപ്പ ഉപാധികള്‍ മുന്നോട്ടുവെച്ചത്.
നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കര്‍ണാടകയിലെ എം.പിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന ഉപാധി അംഗീകരിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നാണ് സൂചന.