മധ്യപ്രദേശ്: മധ്യപ്രദേശില്‍ സ്ഥാനമെറ്റയുടന്‍ ബിജെപി പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. ബിജെപിയുടെ നാല് എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് എത്തിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജയ് പഥക്, മുന്‍മുന്‍ റായ്, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നിവര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് വിവരം.
അതെസമയം, നാല് എംഎല്‍എമാരെ നഷ്ടമാകുമെന്ന് ഭയം ബിജെപി പാളയത്തിലുണ്ട്. അവര്‍ കോണ്‍ഗ്രസിലേക്ക് ചെക്കേറിയാല്‍ അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് എന്ന് പറഞ്ഞ് ഒഴിയാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി കമല്‍നാഥ് നിലവില്‍ എംഎല്‍എ അല്ലാത്തതിനാല്‍ ആറു മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കേണ്ടതുണ്ട്. ബിഎസ്പിയോ സ്വതന്ത്രരോ അവരുടെ സീറ്റ് ഒഴിയാന്‍ താല്‍പര്യപ്പെടില്ലാത്ത സാഹചര്യത്തിലാണു തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് നോട്ടമിടുന്നതെന്നു ഉന്നത ബിജെപി നേതാക്കളുടെ ആരോപണം. ബിജെപിയില്‍നിന്ന് എംഎല്‍എമാരെ അടര്‍ത്തി കോണ്‍ഗ്രസില്‍ എത്തിക്കുന്നതോടെ സഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നും കമല്‍നാഥ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത പോരാട്ടം നടന്ന മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബിജെപി ആധിപത്യം തകര്‍ത്താണു കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 230 അംഗ സഭയില്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റു നേടി ബിജെപി തൊട്ടടുത്തെത്തി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എസ്പി, ബിഎസ്പി, വിമതര്‍ എന്നിവരുടെ പിന്തുണയോടെയാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.
അതേസമയം ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനാകുമോ എന്നാണു നോക്കുന്നത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കാനും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരീക്ഷിക്കാനുമാണു ബിജെപിയിലെ ഒരു വിഭാഗം നിര്‍ദേശിക്കുന്നത്. എംഎല്‍എമാരെ ചാക്കിലാക്കി ഭരണം പിടിക്കാനില്ലെന്നു ബിജെപി ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. കര്‍ണാടകയിലെ കയ്‌പേറിയ സംഭവങ്ങള്‍ ആവര്‍ത്തിക്കാനും താല്‍പര്യപ്പെടുന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.