മോഡിയുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് യോഗിയുടെ ക്രൂരത മറച്ചുപിടിക്കാനാവില്ല; പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യുപി സര്‍ക്കാരിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

മോഡിയുടെ സര്‍ട്ടിഫിക്കറ്റ് കൊണ്ട് യോഗിയുടെ ക്രൂരത മറച്ചുപിടിക്കാന്‍ പറ്റില്ലെന്ന് പ്രിയങ്ക പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച മോഡി യുപി സര്‍ക്കാര്‍ കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിച്ചത് അത്ഭുതപൂര്‍വമായ രീതിയിലാണെന്നും പറഞ്ഞിരുന്നു.

വ്യാഴാഴ്ച പാര്‍ലമെന്റ് മണ്ഡലമായ വാരണാസി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.

ഉത്തര്‍പ്രദേശില്‍ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ യോഗി സര്‍ക്കാര്‍ കാണിച്ച ആക്രമണവും ക്രൂരതയും അശ്രദ്ധയും മോഡിജിയുടെ സര്‍ട്ടിഫിക്കറ്റിന് മറയ്ക്കാന്‍ കഴിയില്ലെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് യുപി.
ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ യുപിയില്‍ നിന്ന് പുറത്തുവന്നിരുന്നു.

Exit mobile version