ഹൈദരാബാദ്: കടം വീട്ടാനായി വൃക്ക വില്‍ക്കാന്‍ തയ്യാറായ ദമ്പതികളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വൃക്ക നല്‍കിയാല്‍ 5 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഹൈദരാബാദില്‍ സ്റ്റേഷനറി കട നടത്തുന്ന എം. വെങ്കിടേഷും ഭാര്യ ലാവ്നിയയുമാണ് തട്ടിപ്പിന് ഇരകളായത്.
കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ബാങ്ക് വായ്പയെടുത്ത കടം വീട്ടാന്‍ വേണ്ടിയാണ് വൃക്ക നല്‍കാനൊരുങ്ങിയത്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും ബിസിനസ് പ്രതിസന്ധിയിലായതോടെയാണ് വൃക്ക നല്‍കാന്‍ ദമ്പതികള്‍ തയ്യാറായത്.
തട്ടിപ്പ് ഇങ്ങനെ;
ഓണ്‍ലൈനിലൂടെയാണ് ഇരുവരും വൃക്ക ആവശ്യക്കാരെ തിരഞ്ഞത്. ബ്രിട്ടനില്‍ ആശുപത്രി ജീവനക്കാരനായി പോസ് ചെയ്യുന്ന ചിത്രമുള്ള ഒരാളുടെ നമ്പര്‍ ഇവര്‍ക്ക് ഓണ്‍ലൈനില്‍നിന്ന് ലഭിച്ചു. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാതെ വൃക്ക നല്‍കാമെന്ന് തീരുമാനിച്ചു. രണ്ടു പേരുടെയും വൃക്കക്കായി ഇയാള്‍ 5 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇടപാട് ചാര്‍ജിനായി വിവിധ ബാങ്കുകളിലേക്കായി പണം അയക്കാനും ആവശ്യപ്പെട്ടു. ദമ്പതികളെ വിശ്വാസത്തിലെടുക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്കിന്റെ ലോഗോ അടങ്ങിയ വെബ്പേജ് ലിങ്ക് അയച്ചു.
വ്യാജ അക്കൗണ്ട് കാണിച്ച് മുന്‍കൂര്‍ പണം കൈമാറിയതായും വിശ്വസിപ്പിച്ചു. ഇതിലെല്ലാം ശേഷം ബംഗളൂരുവിലെ ഒരു ലോഡ്ജില്‍ വച്ച് തന്റെ പ്രതിനിധി എന്ന പേരില്‍ ഒരാളുമായി കൂടിക്കാഴ്ച ഒരുക്കി. കറന്‍സി നോട്ടുകള്‍ക്ക് സമാനമായ വലിപ്പമുള്ള കറുത്ത കടലാസ് കഷ്ണങ്ങള്‍ അടങ്ങിയ സ്യൂട്ട് കേസ് ആണ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. നോട്ടുകള്‍ എന്തുകൊണ്ടാണ് കറുത്ത് ഇരിക്കുന്നതെന്ന് ദമ്പതികള്‍ അന്വേഷിച്ചപ്പോള്‍ എല്ലാ നോട്ടുകളും റിസര്‍വ് ബാങ്കില്‍ നിന്ന് എത്തുന്നതാണെന്നും രാസവസ്തുക്കള്‍ ഉപയോഗിച്ച് നോട്ട് വൃത്തിയാക്കണമെന്നുമായിരുന്നു മറുപടി.
ചില നോട്ടുകള്‍ വൃത്തിയാക്കി ദമ്പതികളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികളുടെ പണം ഒരു പാക്കറ്റില്‍ പൊതിഞ്ഞ് കൈമാറി. 48 മണിക്കൂര്‍ നേരത്തേയ്ക്ക് ഈ പൊതി തുറക്കരുതെന്നും ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ തിരിച്ചെത്തി പായ്ക്കറ്റ് തുറന്നപ്പോള്‍ നോട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് 40 ലക്ഷത്തോളം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കിയിരുന്നു.