തൂപ്പുജോലിക്കാരിയില്‍ നിന്നും ഡെപ്യൂട്ടി കലക്ടര്‍ കസേരയിലേക്ക്; നിറംമങ്ങിയ ജീവിതത്തോട് ആശ പൊരുതി നേടിയ വിജയം

രാജസ്ഥാന്‍: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതത്തില്‍ ഉന്നത വിജയം നേടിയ നിരവധി പേരുണ്ട്. അത്തരത്തില്‍ പ്രചോദനം പകരുകയാണ് ആശ കന്ദാര എന്ന യുവതി. തൂത്തുവാരി നടന്ന അതേ നഗരത്തില്‍ തന്നെ ഡെപ്യൂട്ടി കലക്ടറായി എത്തിയാണ് ആശ വിസ്മയിപ്പിക്കുന്നത്.

രാജസ്ഥാനിലെ ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിയാണ് ആശ കന്ദാര. രണ്ടു മക്കളുടെ അമ്മ. 1997ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍, ദാമ്പത്യജീവിതം അധികം നീണ്ടുനിന്നില്ല. രണ്ട് കുഞ്ഞുങ്ങളായപ്പോഴേക്കും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി.

കുടുംബം പുലര്‍ത്താന്‍ തെരുവിലേക്കിറങ്ങി തൊഴിലെടുത്തു തന്നെ മക്കളെ പോറ്റി. സ്വന്തമായി അധ്വാനിച്ച് മക്കളെ വളര്‍ത്തുകയും ഒപ്പം ആശയും പഠിത്തം തുടര്‍ന്നു. അങ്ങനെ 2016 ല്‍ ബിരുദധാരിയായി. ഇതിനിടയില്‍ പറ്റിയ സര്‍ക്കാര്‍ മത്സരപരീക്ഷകളെല്ലാം എഴുതി. കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളിയാകാനുള്ള സഫായി കര്‍മചാരി പരീക്ഷയടക്കം.

എന്നാല്‍, ആശ പോരാട്ടം തുടര്‍ന്നു. 2018ല്‍ രാജസ്ഥാന്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസ് (ആര്‍എഎസ്) പരീക്ഷയെഴുതുന്നത്. ആര്‍എഎസ് പ്രാഥമികഘട്ടത്തിന്റെ ഫലം അധികം വൈകാതെ തന്നെ വന്നു. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. പിന്നീട് മെയിന്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പായിരുന്നു. അങ്ങനെ കഴിഞ്ഞ ഒക്ടോബറില്‍ അവസാനഘട്ട പരീക്ഷയും പൂര്‍ത്തിയായി അന്തിമഫലത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.

ഇതിനിടെ, മുന്‍പ് എഴുതിയ സഫായി കര്‍മചാരി പരീക്ഷയുടെ ഫലം വന്നു. ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ തൂപ്പുകാരിയായി നിയമനം ലഭിക്കുന്നത് അങ്ങനെയാണ്. ജീവിതപ്രാരാബ്ധങ്ങള്‍ വിട്ടൊഴിയാത്തതിനാല്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

പിറ്റേ ദിവസം തന്നെ ചൂലുമെടുത്ത് ജോലിക്കിറങ്ങി. നഗരത്തിലെ പാതയോരങ്ങളും ഊടുവഴികളുമെല്ലാം തൂത്തുവാരിയും മാലിന്യങ്ങളും അഴുക്കുകളും നീക്കം ചെയ്തും ജീവിതം തുടര്‍ന്നു. ഏറെ പ്രതീക്ഷയോടെ ആര്‍എഎസ് ഫലത്തിനു കാത്തിരിക്കുന്നതിനിടെയാണ് വില്ലനായി കോവിഡ് വരുന്നത്. അതോടെ അന്തിമഫലം വൈകി.

ഒടുവില്‍ ബുധനാഴ്ചയാണ് ആര്‍എഎസ് ഫലം പുറത്തുവന്നത്. സര്‍വീസ് യോഗ്യത നേടിയ മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ മെറിറ്റ് വിഭാഗത്തില്‍ തന്നെ ആശ
ഇടംപിടിച്ചിരിക്കുന്നു, 728-ാം റാങ്കുകാരിയായി.

സിവില്‍ സര്‍വീസില്‍ ചേരണമെന്നായിരുന്നു പണ്ടുതൊട്ടേ മോഹം. പ്രായമാണ് തടസമായി നിന്നത്. ഒടുവില്‍ സംസ്ഥാന സര്‍വീസിലെങ്കിലും യോഗ്യത നേടിയിരിക്കുന്നു. സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നാണ് 40കാരിയായ ആശ പറയുന്നു.

ആശയെ ജോധ്പൂര്‍ കോര്‍പറേഷന്‍ പ്രത്യേകമായി ആദരിക്കുകയും ചെയ്തു. പരിശീലനമെല്ലാം കഴിഞ്ഞ് ആശ ജോധ്പൂരില്‍ തന്നെ ചാര്‍ജെടുക്കുന്നത് കാത്തിരിക്കുകയാണ് കോര്‍പറേഷനിലെ പഴയ സഹജോലിക്കാരും നാട്ടുകാരുമെല്ലാം.

Exit mobile version