എന്റെ ഇന്ത്യ മഹത്തരം, എന്റെ മാഡം മഹതി! സുഷമ സ്വരാജിന് നന്ദിയറിയിച്ച് അന്‍സാരി കുടുംബം

ന്യൂഡല്‍ഹി: പാകിസ്താനില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഹാമിദ് നിഹാല്‍ അന്‍സാരി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച് നന്ദിയറിയിച്ചു. കുടുംബത്തോടൊപ്പമാണ് ഹാമിദ് മന്ത്രിയെ കാണാന്‍ എത്തിയത്.

മാതൃവാത്സല്യത്തോടെ സുഷമ ഫൗസിയയുടെ മകന്‍ ഹമീദ് നിഹാല്‍ അന്‍സാരിയെ ചേര്‍ത്തുപിടിച്ചു, വിശേഷങ്ങള്‍ തിരക്കി. അന്‍സാരിയെ ഹൃദ്യമായി സ്വരാജ്യത്തേക്കു സ്വാഗതം ചെയ്ത സുഷമ, അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു.

ചാരക്കേസില്‍ പെട്ട് ആറ് വര്‍ഷമാണ് അന്‍സാരി പാകിസ്താന്‍ ജയിലില്‍ കഴിഞ്ഞത്. 18ന് പുലര്‍ച്ചെയാണ് ഏറെ ശ്രമങ്ങളുടെ ഫലമായി ഹാമിദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്.

ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2012 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോയ അന്‍സാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു. അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്താനി പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അന്‍സാരി പാകിസ്താനിലെത്തിയെന്നും ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരിയെ പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്തത്. 2012 നവംബര്‍ 12 നായിരുന്നു സംഭവം. സൈനിക കോടതി അന്‍സാരിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

തടവ് ശിക്ഷ അവസാനിച്ചിട്ടും അന്‍സാരിയെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ചൊവ്വാഴ്ച അന്‍സാരിയെ മോചിപ്പിക്കുന്നുവെന്ന് വ്യക്താക്കുന്ന സന്ദേശം പാകിസ്താനില്‍നിന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ലഭിക്കുകയായിരുന്നു.

ഹാമിദ് അന്‍സാരിയുടെ അമ്മ ഫൗസിയ അന്‍സാരി സുഷമ സ്വരാജിന് നന്ദി അറിയിച്ചു. എന്റെ ഇന്ത്യ മഹത്തരമാണ്. എന്റെ മാഡവും മഹതിയാണ്. എല്ലാം ചെയ്തത് മാഡമാണെന്ന് അറിയാമെന്നും ഫൗസിയ പറഞ്ഞു. മകനെ തിരിച്ച് കിട്ടിയതിന്റെ എല്ലാ സന്തോഷവും വികാരവും അടങ്ങുന്നതായിരുന്നു ഫൗസിയയുടെ വാക്കുകള്‍.

Exit mobile version