ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാര്‍ : ചൈന

Indo-China | Bignewslive

ബെയ്ജിങ് : ലഡാക്കില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ സംബന്ധിച്ച കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ കൂടിയാലോചനയിലൂടെയും മധ്യസ്ഥചര്‍ച്ചകളിലൂടെയും തീരുമാനമെടുക്കാന്‍ സന്നദ്ധരാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

ലഡാക്കിലെ സംഘര്‍ഷാവസ്ഥ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ചൈന സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.നിയന്ത്രണരേഖയെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നിലവില്‍ മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമായി മുന്നോട്ട് പോവുകയുള്ളൂവെന്നും ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി അറിയിച്ചു. തജാക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷആന്‍ബെയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വാങ് യിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗല്‍വാനിലും പാംഗോങ്ങിലും സൈനിക പിന്‍മാറ്റത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇരു രാജ്യങ്ങളിലെയും വിദേശകാര്യത്തലവന്‍മാര്‍ ബുധനാഴ്ച നടത്തിയ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും ദുര്‍ബലമായ നിലയിലാണെന്ന് വാങ് യി അഭിപ്രായപ്പെട്ടു.

ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തരത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ചൈന തയ്യാറാണെന്നും വാങ് യി വ്യക്തമാക്കി.ചൈനയും ഇന്ത്യയും പരിസ്പരം ഭീഷണി ഉയര്‍ത്തുന്നില്ലെന്നും നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങള്‍ക്കും താല്പര്യമില്ലെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

Exit mobile version