ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജിഎസ്ടി കുടിശ്ശികയായി 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം 1.59 ലക്ഷം കോടി വായ്പയെടുത്ത് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശകയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
വൈകിയാണെങ്കിലും കുടിശ്ശിക വിതരണം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ മറ്റാവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കെഎന്‍ ബാലഗോപാല്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ജിഎസ്ടി നഷ്ട പരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗണ്‍സിലില്‍ ഉയര്‍ത്താന്‍ കേരളം തീരുമാനിച്ചതായി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3765 കോടിയും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക.
Discussion about this post