ജയ്പൂർ: സാധാരണ കർഷക കുടുംബത്തിൽ നിന്നും സംസ്ഥാനത്തെ ഉയർന്ന തസ്തികയിലേക്ക് നടന്നടുത്ത് ഈ മൂന്ന് സഹോദരിമാർ. രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ആർഎഎസ്) പരീക്ഷയിൽ ഒന്നിച്ച് വിജയിച്ചാണ് മൂന്ന് സഹോദരിമാർ ഞെട്ടിച്ചത്. രാജസ്ഥാൻ ഹനുമാൻഗഡിൽ കർഷകനായ സഹദേവ് സഹറാന്റെ മക്കളായ അൻസു, റീതു, സുമൻ എന്നീ സഹോദരിമാരാണ് സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് ഒന്നിച്ച് യോഗ്യത നേടിയത്.
ഇവരുടെ മറ്റു രണ്ട് സഹോദരിമാരായ റോമ, മഞ്ചു എന്നിവർ നിലവിൽ ആർഎഎസ് ഉദ്യോഗസ്ഥരാണെന്നതും പ്രത്യേകതയാണ്. ഇതോടെ കർഷകനായ സഹദേവിനും കുടുംബത്തിനും അഞ്ചു മക്കളും സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരായെന്ന അഭിമാനവും സ്വന്തമായി.
ആർഎഎസ് 2018 പരീക്ഷയുടെ അന്തിമ ഫലം ചൊവ്വാഴ്ചയാണ് രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജുൻജുനൂസ് മുക്ത റാവുവിനാണ് ഒന്നാം റാങ്ക്. മൻമോഹൻ ശർമ്മ, ശിവാക്ഷി ഖണ്ഡൽ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി.
ഹനുമാൻഗഡിൽ നിന്നുള്ള മൂന്ന് സഹോദരിമാർ ആർഎഎസ് പരീക്ഷ ഒന്നിച്ച് പാസായ വിവരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്‌വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Discussion about this post