ശിവലിംഗത്തിന്റെ മാതൃക, 1200 പേര്‍ക്കിരിക്കാവുന്ന തരത്തില്‍ നിര്‍മാണം, 200 കോടി ചിലവ് : ‘രുദ്രാക്ഷ് ‘ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Varanasi | Bignewslive

ന്യൂഡല്‍ഹി : വാരാണസിയില്‍ ശിവലിംഗത്തിന്റെ മാതൃകയില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്റര്‍ ‘രുദ്രാക്ഷ് ‘ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. കോണ്‍ഫറന്‍സുകള്‍ നടത്തുന്നതിനും ടൂറിസത്തിനും അനുയോജ്യമായ ഇടമാക്കി വാരാണസിയെ മാറ്റുന്നുവെന്ന് ട്വിറ്ററില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് മോഡി കുറിച്ചു.

വാരാണസിയുടെ തനത് സംസ്‌കാരങ്ങള്‍ വിളിച്ചോതുന്ന തരത്തിലാണ് രുദ്രാക്ഷിന്റെ നിര്‍മാണം. 108 രുദ്രാക്ഷങ്ങള്‍ സെന്ററില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ശിവലിംഗത്തിന്റെ മാതൃകയിലാണ് മേല്‍ക്കൂര. എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്ന കെട്ടിടത്തില്‍ വാരാണസിയുടെ കല, സംസ്‌കാരം, സംഗീതം തുടങ്ങിയവയൊക്കെ പ്രദര്‍ശപ്പിക്കുന്ന ചുവര്‍ ചിത്രങ്ങളുമുണ്ട്.

സാമൂഹിക-സാംസ്‌കാരിക വിനിമയങ്ങള്‍ക്കുള്ള ഇടം എന്ന ലക്ഷ്യത്തോടെയാണ് രുദ്രാക്ഷ് നിര്‍മിച്ചിരിക്കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വാരാണസിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഇത് വഴിയൊരുക്കും. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍, സംഗീതപരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇവിടെ ഉപയോഗിക്കാനാകും. 120 കാറുകള്‍ നിര്‍ത്തിയിടാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് 200 കോടി ചിലവില്‍ രുദ്രാക്ഷിന്റെ നിര്‍മാണം. പരിസിഥിതി സൗഹാര്‍ദ നിര്‍മിതിയാണിതെന്നും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version