ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊണ്ടുവരുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിനെ ചൊല്ലി തർക്കം മുറുകുന്നതിനിടെ ബിജെപി എംഎൽഎമാരുടെ കുട്ടികളുടെ എണ്ണവും ചർച്ചയാവുകയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ നയം നടപ്പിലാക്കുന്നത് ഉൾപ്പടെയുള്ളവ ചേർത്താണ് ഉത്തർപ്രദേശിലെ പുതിയ ബില്ല് അവതരിപ്പിക്കുന്നത്. 50 ശതമാനം ബിജെപി എംഎൽഎമാർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ജനസംഖ്യാനിയന്ത്രണ ബിൽ 2021 പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വരെ നിയന്ത്രണങ്ങളുണ്ടാവും എന്നിരിക്കെ മുൻകാല പ്രാബല്യത്തോടെ നിലവിലുള്ള എംഎൽഎമാരെ അയോഗ്യരാക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.
നിലവിൽ 397 എംഎൽഎമാരുടെ വ്യക്തിവിവരങ്ങൾ നിയമസഭാ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതിൽ 304 പേരും ബിജെപി എംഎൽഎമാരാണ്. അതിൽ 152 പേർക്കും മൂന്നോ അതിൽ കൂടുതലോ കുട്ടികളുമുണ്ട്.
ബിജെപിയുടെ ജനസംഖ്യാ ബില്ല് പ്രഹസനമാണെന്നാണ് സോഷ്യൽമീഡിയയുടെ വിമർശനം. 2019 ൽ ലോക്‌സഭയിൽ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിച്ച ബോജ്പൂരി നടൻ കൂടിയായ ബിജെപി എംപി രവി കൃഷ്ണന് നാല് മക്കളുണ്ടായിരുന്നു.
ഉത്തർപ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ വിവിധ തലത്തിൽ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ജനസംഖ്യാ വർദ്ധനവിന് പ്രധാന കാരണം ദാരിദ്രമാണെന്നും ദാരിദ്രനിർമ്മാർജ്ജനവും വിദ്യാഭ്യാസം നൽകുകയുമാണ് ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ട നടപടികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് പ്രതികരിച്ചു.
Discussion about this post