സ്വാതന്ത്രത്തിന്റെ 75ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമം തുടരേണ്ടതുണ്ടോ? : രാജ്യദ്രോഹനിയമത്തിനെതിരെ സുപ്രീംകോടതി

Supreme Court | Bignewslive

ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ച് 75ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ രാജ്യദ്രോഹനിയമം തുടരേണ്ടതുണ്ടോയെന്ന് സുപ്രീംകോടതി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിട്ട.മേജര്‍ ജനറല്‍ എസ്.ജി വോംബട്കരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യദ്രോഹം എന്നത് ബ്രിട്ടീഷുകാര്‍ മഹാത്മാ ഗാന്ധിയെ നിശബ്ദനാക്കാന്‍ ഉപയോഗിച്ച കൊളോണിയല്‍ നിയമമാണെന്നും ഇന്നും ഇത് ഉപയോഗിക്കുന്നത് അധികാര ദുര്‍വിനിയോഗത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് വിലക്കുന്നതിനും കാരണമാകുന്നുവെന്നും കോടതി വിലയിരുത്തി.

“രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമമാണ്.യാതൊരു വിശ്വാസ്യതയുമില്ലാതെ നിയമം നടപ്പാക്കുകയും ദുരുപയോഗം ചെയ്യുകയുമാണ്.നിയമം ദുരുപയോഗം ചെയ്യാന്‍ വളരെ വലിയ സാധ്യതയാണുള്ളത്.സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തിന് ഈ നിയമം ആവശ്യമുണ്ടോ?” ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. ഒരു മരം വെട്ടുന്നതിന് പകരം ആശാരി കാട് മുഴുവന്‍ വെട്ടിത്തെളിക്കുന്നതിന് തുല്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

രാജ്യദ്രോഹക്കുറ്റത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Exit mobile version