ലഖ്നൗ: കോവിഡ് പശ്ചാത്തലത്തില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ആര്‍എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
കന്വര്യാത്രയുമായി മുന്നോട്ടുപോകാനുള്ള യുപി സര്‍ക്കാരിന്റെ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇത് അലോസരപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു.
അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് കന്‍വര്‍ യാത്ര ഉണ്ടാവില്ലെന്ന് ഉത്തരാഖണ്ഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാന് സോളിസിറ്റര്‍ ജനറലിനോട് സൂചിപ്പിച്ചു.
കോവിഡ് മൂന്നാംതരംഗ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ച് യാത്രയുമായി മുന്നോട്ടുപോകാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ആറുവരെ കന്‍വര്‍ യാത്ര നടത്തുമെന്ന് യുപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.) പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, സുപ്രീം കോടതി നോട്ടീസിനോട് സമയപരിധിക്കുള്ളില്‍ തന്നെ പ്രതികരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്നീത് സെഹ്ഗാള്‍ പറഞ്ഞു. ‘മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ഔദ്യോഗികമായി നോട്ടീസ് ലഭിക്കുന്ന പക്ഷം മറുപടി നല്‍കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കന്വര്യാത്രയ്ക്ക് അനുമതി നല്‍കാനാണ് ഇതുവരെയുള്ള സര്‍ക്കാര്‍ തീരുമാനം’-അദ്ദേഹം വ്യക്തമാക്കി.
2019ലാണ് അവസാനമായി കന്‍വര്‍ യാത്ര നടത്തിയത്. അന്ന് ഏകദേശം മൂന്നരക്കോടി ഭക്തര്‍ ഹരിദ്വാര്‍ സന്ദര്‍ശിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ യു.പി.യിലെ തീര്‍ഥാടന കേന്ദ്രങ്ങളിലാകട്ടെ ഏകദേശം രണ്ടു മുതല്‍ മൂന്നുകോടി പേര് സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post