ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച സംഭവത്തില്‍ നാഡീരോഗ വിദഗ്ദന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് ഒളിക്യാമറ വെച്ച സംഭവത്തില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതി ശ്രദ്ധിക്കുന്നത്. റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിക്ക് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് യുവ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. ശേഷം നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ നാഡീരോഗ വിദഗ്ധനായ 42കാരന്‍ പിടിയിലായത്. ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.