പനാജി: ഗോവയിലെ ജനങ്ങള്‍ക്ക് വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗോവ പിടിക്കുന്നതിനായുള്ള വമ്പന്‍ വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഇറക്കിയിരിക്കുന്നത്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി.) അധികാരത്തില്‍ വരികയാണെങ്കില്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് കെജരിവാള്‍ പറഞ്ഞു.
അടുത്തകൊല്ലം ഫെബ്രുവരിയിലാണ് നാല്‍പ്പതംഗ ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭിക്കും- കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കില്‍, എന്തുകൊണ്ട് ഗോവയിലെ ജനങ്ങള്‍ക്ക് ലഭിക്കില്ലെന്നും അദ്ദേഹം ചോദിച്ചു.
വൈദ്യുതി അധികമുള്ള സംസ്ഥാനമായിട്ടു കൂടി ഗോവയില്‍ ഇടയ്ക്കിടെ വൈദ്യുതിമുടക്കം പതിവാണെന്നും കെജരിവാള്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലേയും മറ്റു പാര്‍ട്ടികളിലേയും എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കെജരിവാള്‍ വിമര്‍ശിച്ചു.
അംഗബലം കണക്കാക്കിയാല്‍, ആരായിരുന്നോ പ്രതിപക്ഷത്ത് ഇരിക്കേണ്ടിയിരുന്നത്- അവര്‍ ഇന്ന് സംസ്ഥാനം ഭരിക്കുകയും സംസ്ഥാനം ഭരിക്കേണ്ടവര്‍ പ്രതിപക്ഷത്ത് ഇരിക്കുകയുമാണ്- അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് അങ്ങനെ ചെയ്തത് എന്നാണ് പാര്‍ട്ടി മാറിയ എം.എല്‍.എമാര്‍ അവകാശപ്പെട്ടത്. എന്നാല്‍ അവകാശപ്പെട്ടതു പോലെ അവര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചോ? ഇപ്പോള്‍ ആളുകള്‍ പറയുന്നത്- അവര്‍ പാര്‍ട്ടി മാറിയത് പണത്തിന് വേണ്ടിയാണെന്നാണ്. വഞ്ചിക്കപ്പെട്ടു എന്നാണ് ജനങ്ങള്‍ക്ക് തോന്നുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് ആയിരക്കണക്കിന് ഗോവക്കാര്‍ പറയുന്നു. ഗോവയ്ക്ക് മാറ്റം വേണം. ജനങ്ങള്‍ക്ക് ആവശ്യം ശുദ്ധമായ രാഷ്ട്രീയമാണ്- കെജരിവാള്‍ പറഞ്ഞു.
Discussion about this post