ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ പ്രധാനമായ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായും ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ പ്രത്യേകമായി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും പ്രധാനമന്ത്രി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീളമുള്ള കടല്‍ത്തീരമുള്ള കേരളം ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച ഒരു കാര്യം ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തിയാകാനായിരുന്നു. അത് കൃത്യമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി തന്നെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അതോടൊപ്പം കേരളത്തില്‍ ജലഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാ പിന്തുണയും അദ്ദേഹം നല്കി.
കേരളത്തിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത് കോവിഡ് വരാത്ത വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട് എന്നതാണ്. കോവിഡ് വന്നേക്കാന്‍ സാധ്യതയുള്ളവരാണ് അവര്‍.- മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ വാക്സിന് കേരളത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസം 60 ലക്ഷം കോവിഡ് വാക്സിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.