ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ ഏഴ് വിചാരണ തടവുകാര്‍ ജയില്‍ ചാടി. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘട്ട് ജയിലില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തടവുകാര്‍ രക്ഷപെട്ടത്. ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളക്‌പൊടിയും കുരുമുളക്‌പൊടിയും എറിഞ്ഞ ശേഷമായിരുന്നു രക്ഷപെടല്‍.
അത്താഴത്തിനായി പുറത്തിറക്കിയ സമയം കയ്യില്‍ കരുതിയിരുന്ന മുളക്‌പൊടി ഇവര്‍ ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍ എറിയുകയായിരുന്നു. ശേഷം ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.ഇതിലൊരാളുടെ നില ഗുരുതരമാണ്.ലോക്കപ്പ് സെല്ലിന്റെ വലിയ ലോക്ക് കൊണ്ട് തലയ്ക്കടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും രക്ഷപെട്ട തടവുകാര്‍ കവര്‍ന്നു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രക്ഷപെട്ടവരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐജി ചുഗു ആപ മാധ്യമങ്ങളോട് പറഞ്ഞു. ജയില്‍ ചാടിയവരെ കണ്ടെത്താന്‍ പോലീസും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. കോവിഡ് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ പ്രതികള്‍ക്ക് നഗരം വിട്ടുപോകാന്‍ പ്രയാസമാകുമെന്നും ഉടന്‍ തന്നെ ഇവരെ പിടികൂടാനാകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.