ചെന്നൈ: രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് തമിഴ്സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കള്‍ മണ്ട്രം ഇനി ആരാധക സംഘടന മാത്രമാകും.
‘രജനീകാന്ത് റസിഗര്‍ നര്‍പ്പാനി മണ്ട്രം’ അല്ലെങ്കില്‍ ‘രജനീകാന്ത് ഫാന്‍സ് വെല്‍ഫെയര്‍ ഫോറം’ എന്ന പേരില്‍ ആരാധക കൂട്ടായ്മയായാകും ഇനി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക. ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു പിന്നാലെയാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
— Rajinikanth (@rajinikanth) July 12, 2021
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കള്‍ മണ്ട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.
ചില സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കള്‍ മന്‍ട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്. ‘ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ എനിക്ക് പദ്ധതിയില്ല,’ എന്നാണ് 70 കാരനായ സ്റ്റൈല്‍ മന്നന്റെ പ്രസ്താവന.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി രൂപീകരിച്ച പോഷകസംഘടനകളെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങളും കോവിഡും ഷൂട്ടിംഗ് തിരക്കുകളും കാരണം അനുയായികളെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനമുണ്ടായത്.
Discussion about this post