കൊല്‍ക്കത്ത : ഭീകര സംഘടനയായ ജമാഅത്ത്-ഉള്‍-മുജാഹിദ്ദീനുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ കൊല്‍ക്കത്തയില്‍ പിടിയിലായി. നസിയൂര്‍ റഹ്‌മാന്‍, ഷാബിര്‍, റെസാവുള്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഘകളും വ്യാജ ഡോക്യുമെന്റുകളും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്തവയിലുണ്ടായിരുന്ന ഡയറിയില്‍ ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരുടെ പേരും നമ്പറുകളും കുറിച്ചിട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിയിലായവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും കൊല്‍ക്കത്ത പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഭീകരര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് വിവരം. പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.
ഞായറാഴ്ച ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് രണ്ട് പേരെ ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളുടെ വലിയ ശേഖരമാണ് അന്ന് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്.