ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തിലാണ് സൗജന്യ വൈദ്യുതി വിതരണം ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യും എന്നതാണ് പ്രധാന വാഗ്ദാനം. എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നും സംസ്ഥാനത്ത് കറന്റിന് മുടക്കം ഉണ്ടാവില്ലെന്നും കര്‍ഷകര്‍ക്ക് വൈദ്യുതി പൂര്‍ണമായും സൗജന്യമായിരിക്കുമെന്നുമാണ് മറ്റ് വാഗ്ദാനങ്ങള്‍.നേരത്തേ പഞ്ചാബിലും സമാന പ്രഖ്യാപനങ്ങള്‍ കേരിവാള്‍ നടത്തിയിരുന്നു.
ഇന്ന് രാവിലെ സംസ്ഥാനത്ത് എത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേജരിവാള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. തന്റെ വാക്കുകള്‍ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിനിടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കാനും കേജരിവാള്‍ മറന്നില്ല. സംസ്ഥാനത്തെ നശിപ്പിക്കാന്‍ ഇരു കുട്ടരും കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്നും കഴിവുള്ള ഒരു നേതാവ് പോലും ഇരുകൂട്ടര്‍ക്കുമില്ലെന്നും കേജരിവാള്‍ തുറന്നടിച്ചു.