ന്യൂഡല്‍ഹി : ശബ്ദമലിനീകരണത്തിന് ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിച്ച് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി. നഗരപരിധിയില്‍ ഇനി ശബ്ദമലിനീകരണം ഉണ്ടാക്കിയാല്‍ ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരും.
പുതിയ നിയമമനുസരിച്ച് അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷം ജനവാസമേഖലയിലോ വാണിജ്യമേഖലയിലോ പടക്കം പൊട്ടിച്ചാല്‍ ആയിരം രൂപയും നിശബ്ദമേഖലയില്‍ പടക്കം പൊട്ടിച്ചാല്‍ മൂവായിരം രൂപയും പിഴ ഈടാക്കും.ജനവാസമേഖലയിലോ വാണിജ്യമേഖലയിലോ നടത്തുന്ന റാലിയിലോ വിവാഹാഘോഷച്ചടങ്ങിലോ ഉത്സവാവസരത്തിലോ പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകള്‍ ലംഘിക്കുന്ന പക്ഷം പതിനായിരം രൂപയും നിശബ്ദമേഖലയില്‍ ലംഘിച്ചാല്‍ ഇരുപതിനായിരം രൂപയും ചടങ്ങിന്റെ സംഘാടകന്‍ പിഴയിനത്തില്‍ നല്‍കേണ്ടി വരും. പിഴ ചുമത്തപ്പെട്ട പ്രദേശത്ത് വീണ്ടും ഒരു തവണ ചട്ടലംഘനം നടത്തിയാല്‍ 40,000 രൂപയും രണ്ടിലധികം തവണ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപയും പിഴ ഈടാക്കും.
ജനറേറ്ററുകളില്‍ നിന്നുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കാനും സമിതി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളോട് ചട്ടങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post