ഗുഡ്ഗാവ്: മുസ്ലിങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കാതെ ഹരിയാന പോലീസ്. നൂറുകണക്കിന് പോലീസ് നോക്കിനില്‍ക്കേയായിരുന്നു ബിജെപി വക്താവ് സൂരജ് പാല്‍ ആമുവിന്റെ കൊലവിളി.
മഹാപഞ്ചായത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇയാള്‍ മുസ്ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതുവരെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
‘അവര്‍ (മുസ്ലിങ്ങള്‍) അവരുടെ മീശ മുറിക്കുന്നു, ഞങ്ങള്‍ക്ക് തൊണ്ട മുറിക്കാന്‍ കഴിയും. ഞങ്ങള്‍ അവരെ (മുസ്ലിങ്ങളെ) ഒന്നൊന്നായി തിരഞ്ഞുപിടിക്കും”ആമു വീഡിയോയില്‍ പറയുന്നു.
വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ഗോ രക്ഷാ സംഘം, ചില ഗ്രാമത്തലവന്മാര്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സുരജിന്റെ പ്രസംഗം ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, ബി വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. മൂന്നുവര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണ്.