സര്‍ക്കാരിനെതിരെ ഗൂഢാലോചന : ഛത്തീസ്ഗഢില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

Sedition case | Bignewslive

റായ്പൂര്‍ : സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്ന് ഛത്തീസ്ഗഢില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി.പി സിങ്ങിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ്.അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിങ്ങിന്റെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യവും പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ച ആദ്യം സിങ്ങിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.

പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ പ്രകാരം സര്‍ക്കാരിനെതിരെയും ജനപ്രതിനിധികള്‍ക്കെതിരെയും വിദ്വേഷം വളര്‍ത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 124 എ(രാജ്യദ്രോഹക്കുറ്റം), സെക്ഷന്‍ 153 എ(രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജനനസ്ഥലത്തിന്റെയോ വസതിയുടെയോ ഭാഷയുടെയോ പേരില്‍ ശത്രുത വളര്‍ത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സിങ്ങുമായി ബന്ധപ്പെട്ട പതിനഞ്ചോളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 10 കോടിയുടെ സ്വത്ത് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ചില കടലാസുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയെന്നും ഇത് കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും പറയുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍, ഗൂഢാലോചനയിലൂടെ ആവിഷ്‌കരിച്ച പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ തുടങ്ങി സാമൂഹികവും മതപരവുമായ പല കാര്യങ്ങളും അതില്‍ പ്രതിപാദിച്ചിരുന്നതായാണ് വിവരം.

സിങ്ങിന്റെ അസോസിയേറ്റായ മണി ഭൂഷണ്‍ എന്ന ഓഫീസറുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സമാനമായ അഞ്ച് രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. 1994 ബാച്ചിലെ ഉദ്യോഗസ്ഥനാണ് സിങ്. നേരത്തേ എഡിജി,എസിബി,ഇഒഡബ്ല്യൂ തസ്തികകളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം സംസ്ഥാന പോലീസ് അക്കാദമി ഡയറക്ടറായ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷനിലാകുന്നത്.

Exit mobile version