ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 19 വരെയാണ് നീട്ടിയിരിക്കുന്നത്. അതേസമയം ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടി ഉത്തരവിറക്കിയത്.
കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്‍പതു മണി വരെ തുറക്കാം.
എസി ഷോപ്പുകള് ആണെങ്കില് വെന്റിലേഷന് ഉറപ്പുവരുത്താനായി വാതിലോ ജനാലയോ തുറന്നിടണം. എല്ലാ കടകളുടെയും പ്രവേശന കവാടത്തില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാറ്റം വരുത്തി. വിവാഹത്തില്‍ 50 പേര്‍ക്കു പങ്കെടുക്കാം. ശവ സംസ്‌കാര ചടങ്ങുകളില്‍ ഇരുപതു പേര്‍ക്കാണ് അനുമതിയുള്ളത്.
സ്‌കൂളുകള്‍, കോളജുകള്‍ ബാറുകള്‍, തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, മൃഗശാലകള്‍ എന്നിവ തുറക്കില്ല. ആളുകളെ പങ്കെടുപ്പിച്ച് രാഷ്ട്രീയ, സംസ്‌കാരിക പരിപാടികള്‍ നടത്തുന്നതിനും വിലക്കുണ്ട്.
Discussion about this post