ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനൊപ്പം മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യം വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബികള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. 2022 ല്‍ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ഉടന്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ വീരമൃത്യു വരിച്ചവരെ എസ്എഡി – ബിഎസ്പി സഖ്യം ആദരിക്കും. അവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. അവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും ബിരുദാനന്തര ബിരുദ തലംവരെ സൗജന്യം വിഭ്യാഭ്യാസം നല്‍കും. അവരുടെ കുടുംബത്തിന് മുഴുവന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും’ – ബാദല്‍ ട്വീറ്റ് ചെയ്തു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യുമായി സഖ്യമുണ്ടാക്കിയാണ് ശിരോമണി അകാലിദള്‍ (എസ്എഡി) ഇത്തവണ ജനവിധി തേടുന്നത്.
കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഏഴ് മാസമായി പ്രക്ഷോഭം നടത്തുകയാണെന്ന് ട്വിറ്ററില്‍ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തില്‍ ബാദല്‍ പറഞ്ഞു. 550 ല്‍ അധികം കര്‍ഷകര്‍ക്കാണ് പ്രക്ഷോഭത്തിനിടെ ജീവന്‍ പൊലിഞ്ഞത്. പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ വിജയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.