ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ചര്‍ച്ചയ്ക്കായി ഹൈദരാബാദിലെത്തിയ കിറ്റെക്സ് സംഘം സര്‍ക്കാര്‍ വൃത്തങ്ങളുമായി ഔദ്യോഗിക ചര്‍ച്ച നടത്തി.
വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെത്തിയ സംഘം, വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയത്.
എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവുമായാണ് കൂടിക്കാഴ്ച നടത്തി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തത്.
തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ സംഘം വ്യവസായ മന്ത്രി കെടി രാമറാവുവുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം സംഘം വാറങ്കല്‍ കാക്കത്തിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പാര്‍ക്കില്‍ പുതിയ സംരംഭം തുടങ്ങാനുള്ള സ്ഥലവും സംഘം പരിശോധിച്ചു.
വാറങ്കല്‍ ജില്ലാ കലക്ടറും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും വ്യവസായമേഖലയിലെ സന്ദര്‍ശനവും പ്രതീക്ഷ നല്‍കുന്നതാണെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. നാളെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും സംഘം ചര്‍ച്ച നടത്തും.
തെലങ്കാന സര്‍ക്കാര്‍ അയച്ച ആഡംബര സ്വകാര്യ ചാര്‍ട്ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലേക്കു പുറപ്പെട്ടത്. എംഡിക്കൊപ്പം ഡയറക്ടര്‍മാരായ ബെന്നി ജോസഫ്, കെ.എല്‍.വി. നാരായണന്, വൈസ് പ്രസിഡന്റ് ഓപറേഷന്‍സ് ഹര്‍കിഷന്‍ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിള്‍, ജനറല്‍ മാനേജര്‍ സജി കുര്യന് എന്നിവരാണ് സംഘത്തിലുള്ളത്.
കേരളത്തിന് പുറത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്താനാണ് കിറ്റെക്സിന്റെ തീരുമാനം. പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ നിലവിലുള്ള വ്യവസായം കൂടി കേരളത്തിനു പുറത്തേക്ക് മാറ്റുന്നതു സംബന്ധിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തെലങ്കാന സന്ദര്‍ശനത്തിനു പിന്നാലെ കിറ്റെക്സിന്റെ ഓഹരി വിപണിയിലും കുതിപ്പുണ്ടായി. ഇന്നുമാത്രം 21 രൂപയുടെ വര്‍ധനയാണുണ്ടായത്.
Discussion about this post