ഇരുമ്പിന് വില ഉയര്‍ന്നതോടെ മാന്‍ഹോളുകള്‍ക്കും രക്ഷയില്ല; ഇരുമ്പ് അടപ്പ് എടുത്ത് വിറ്റ് മോഷ്ടാക്കള്‍, ആക്രികടകള്‍ കയറി ഇറങ്ങി അധികൃതര്‍

പുണെ: ഇരുമ്പിന് വില ഉയര്‍ന്നതോടെ മാന്‍ഹോളുകള്‍ക്കും രക്ഷയില്ല. റോഡിലെ മാന്‍ഹോളുകള്‍ അടച്ചിരുന്ന ഇരുമ്പിന്റെ കവറുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഉയരുകയാണ്. ഇരുമ്പുകവറുകള്‍ മോഷ്ടിച്ച് ആക്രി വിലയ്ക്ക് വില്‍ക്കുകയാണ് മോഷ്ടാക്കള്‍.

ഇതോടെ കവറുകള്‍ അന്വേഷിച്ച് ആക്രികടകള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ് അധികൃതര്‍ക്ക്. കഴിഞ്ഞ 20 ദിവസത്തിനിടെ പുണെ ബനേറിലെ വിവിധ റോഡുകളിലായി 20ല്‍ അധികം മാന്‍ഹോളിന്റെ ഇരുമ്പ് കവറുകളാണ് മോഷണം പോയത്.

ജൂണ്‍ 12നും ജൂലൈ ആറിനും ഇടയില്‍ അഭിമന്‍ശ്രി ചൗക്ക് പ്രദേശത്തുനിന്ന് ഏഴു മാന്‍ഹോള്‍ അടപ്പുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഗ്രീന്‍ പാര്‍ക്ക് ഹോട്ടല്‍ മുതല്‍ രാധ ചൗക്ക് വരെയുള്ള റോഡില്‍നിന്ന് എട്ടു കവറുകളും മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയി വിറ്റിരുന്നു.

സാവിത്രിഭായ് ഫൂലെ പുണെ യൂനിവേഴ്‌സിറ്റി ജങ്ഷനും മസോബ ചൗക്കിനും ഇടയിലെ ഒമ്പത് കവറുകളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയിരുന്നു.19,200 രൂപയുടെ 24 കവറുകളാണ് ഇത്തരത്തില്‍ കവര്‍ന്നത്.

Exit mobile version