കൊച്ചി: രാജ്യമെമ്പാടുമുള്ള ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്. തങ്ങളുടെ ഫെല്ലോഷിപ്പ് വര്‍ധിപ്പിക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. അവസാനമായി ഫെല്ലോഷിപ്പ് പരിഷ്‌കരണം നടത്തിയത് 2014ലാണ്. ശേഷമുണ്ടായ വിലക്കയറ്റത്തിനു ആനുപാതികമായ വര്‍ധനവ് ഉണ്ടാകാത്തതും, നിരവധി അപേക്ഷകള്‍ക്ക് ശേഷവും ഇതിനെ സംബന്ധിച്ചു മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തതുമായ അവസരത്തിലാണ് ഗവേഷകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.
21 ഡിസംബര്‍ 2018, വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍, തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (CSIRNIIST), ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (SCTIMST), കേരള യൂണിവേഴ്‌സിറ്റി (KU) തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷക വിദ്യാര്‍ഥികള്‍ കേരള യൂണിവേഴ്‌സിറ്റിക്ക് സമീപം വൈകിട്ട് മൂന്ന് മണിക്ക് പ്രതിഷേധ മൗന ജാഥക്ക് ഒരുങ്ങുകയാണ്.
നിലവില്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 25000 രൂപയും, സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് 28000 രൂപയുമാണ്. ഇത് യഥാക്രമം 50000 രൂപയും, 56000 രൂപയും ആയി ഉയര്‍ത്തണം എന്നാണ് സമരത്തിന് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം. കേന്ദ്രസംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ രാഷ്ട്ര പുരോഗതിക്കും ശാസ്ത്രസാങ്കേതിക വിദ്യയുടെ ഉന്നമനത്തിനും അക്ഷീണം പ്രവര്‍ത്തിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. അതോടൊപ്പം പ്രതിമാസ ഫെല്ലോഷിപ്പ് നല്‍കുന്നതിലെ കാല താമസം ഒഴിവാക്കണം എന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.
Discussion about this post