ന്യൂഡല്‍ഹി : മാധ്യമങ്ങളോട് അനാവശ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് പുതിയ മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.
മന്ത്രിസഭാ യോഗത്തില്‍ സ്ഥാനം നഷ്ടമായ മന്ത്രിമാരെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒഴിവാക്കപ്പെട്ട മന്ത്രിമാരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച മോഡി മുന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും അവരില്‍ നിന്ന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും പുതിയ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.പുനസംഘടനയുടെ ഭാഗമായി 12 മന്ത്രിമാരെയാണ് ഒഴിവാക്കിയത്. 2022ല്‍ ഏഴ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മന്ത്രിസഭാ പുനസംഘടന. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചവരില്‍ കൂടുതല്‍.
ഐടി മന്ത്രിയായിരുന്ന രവി ശങ്കര്‍ പ്രസാദിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, കാലാവസ്ഥ, പരിസ്ഥിതി എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവേദ്കറുടെയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post