അഹമ്മദാബാദ്: മദ്യം കുടിച്ച് പോത്തുകള്‍ ‘ഫിറ്റ്’ ആയതോടെ കള്ളവാറ്റുകാര്‍ കൈയ്യോടെ പിടിയില്‍. മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
മദ്യം അകത്തു ചെന്ന പോത്തുകള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് ഉടമകളായ രണ്ട് കര്‍ഷകരുടെ അനധികൃത മദ്യ ശേഖരം പോലീസ് കണ്ടെത്തിയത്.
ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. 32000 രൂപയുടെ അനധികൃത മദ്യശേഖരമാണ് പോലീസ് പിടിച്ചെടുത്തു.
പോത്തുകള്‍ അസാധാരണ പെരുമാറ്റവും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തതോടെ കാര്യമറിയാതെ പ്രതികള്‍ മൃഗ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍ എത്തി പോത്തുകളെ പരിശോധിച്ചെങ്കിലും അസുഖമൊന്നും ഉള്ളതായി കണ്ടെത്താനായില്ല. തുടര്‍ന്ന് പോത്തുകള്‍ കഴിച്ച ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു.
വെള്ളത്തിന് പ്രത്യേക ഗന്ധവും നിറം മാറ്റവും കണ്ടതോടെയാണ് പോത്തുകള്‍ കുടിച്ച വെള്ളത്തില്‍ മദ്യം കലര്‍ന്നിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ ജല സംഭരണി പരിശോധിച്ചു. അപ്പോഴാണ് ജല സംഭരണിയില്‍ കുപ്പികളിലാക്കി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. വെള്ളത്തില്‍ ഇറക്കിവെച്ചിരുന്ന കുപ്പികളില്‍ ചിലത് പൊട്ടിയിരുന്നു. അതില്‍നിന്നുള്ള മദ്യം കലര്‍ന്ന വെള്ളം കുടിച്ചാണ് പോത്തുകള്‍ ഫിറ്റായത്.
മദ്യ ശേഖരം കണ്ടെത്തിയതോടെ മൃഗ ഡോക്ടര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയും 100 കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്ത മദ്യത്തിന് 32,000 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.