അയോധ്യ : ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് 1990ലെ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ മരിച്ച കര്‍സേവകരുടെ പേരിടാനൊരുങ്ങി യുപി സര്‍ക്കാര്‍. കര്‍സേവകരുടെ വീടുകളിലേക്കുള്ള വഴികളാണ് പേര് മാറ്റത്തിനൊരുങ്ങുന്നത്.
ബലിദാനി റാം ഭക്ത് മാര്‍ഗ് എന്നായിരിക്കും റോഡുകളുടെ പൊതുവായ പേര്. ശിലാഫലകത്തില്‍ മരണപ്പെട്ടയാളുടെ ഫോട്ടോയും പേരും ആലേഖനം ചെയ്യാനും പദ്ധതിയുണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ അറിയിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായി അയോധ്യയില്‍ എത്തിയ വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ശത്രുക്കളോടുള്ള പോരാട്ടത്തിനിടെ തങ്ങളുടെ ജീവന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരവര്‍പ്പിക്കുന്നതിനായി ജയ് ഹിന്ദ് വീര്‍ പഥ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിനാറ് പേരാണ് പ്രക്ഷോഭത്തില്‍ മരിച്ചതെങ്കിലും മരണസംഖ്യ ഇതില്‍ കൂടുതലാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ബാക്കിപത്രമെന്നോണം 1992ല്‍ കര്‍സേവകരുടെ ഒരു വലിയ സംഘം ബാബ്‌റി മസ്ജിദ് തകര്‍ത്തിരുന്നു.
Discussion about this post