സുല്‍ത്താന്‍ ബത്തേരി: ആദിവാസി യുവതികള്‍ക്ക് മാത്രം ജോലിയെടുക്കുന്ന പെട്രോള്‍ പമ്പ് ഒരുക്കി തമിഴ്നാട് സര്‍ക്കാര്‍. 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും വാക്സിനേഷന് നടപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി മാറിയ നീലഗിരിയില്‍ നിന്നാണ് അഭിമാനമാകുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തിയത്.
ഊട്ടി മുത്തുര പാലടയില്‍ ആണ് ചരിത്രപരമായ പെട്രോള്‍ ബങ്ക് തുറന്നിരിക്കുന്നത്. മുത്തുരയിലെ ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. നീലഗിരി ജില്ലയിലെ ആദിവാസി വിഭാഗങ്ങളായ തോഡര്‍, കോത്തര്‍, ഇരുളര്‍, കുറുമ്പര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ ജോലിയെടുക്കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും രണ്ട് പേര് വിതം 12 സ്ത്രീകളാണ് ഇപ്പോഴുള്ളത്.
ഊട്ടി, ഗൂഡല്ലൂര്‍, കോത്തഗിരി, നെടുഗല്‍കൊമ്പയില്‍ പ്രദേശത്തു നിന്നുള്ളവരാണ് നിലവില്‍ ഇവിടെ ജോലി ചെയ്തു വരുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 8 മണിക്കൂറാണ് ജോലി സമയം. ദൂരെ നിന്നെത്തുന്ന യുവതികള്‍ക്ക് താമസസൗരകര്യം ഉള്‍പ്പെടെ 8500 രൂപ ശമ്പളവും ഇന്‍സന്റീവും ഒരുക്കിയിട്ടുണ്ട്. ഗവേഷണ കേന്ദ്രത്തില്‍ തന്നെയാണ് താമസൗകര്യം ഒരുക്കിയിട്ടുള്ളത്.
Discussion about this post