ലോക്ക്ഡൗണില്‍ 3000 രൂപ വായ്പയെടുത്ത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; ഇപ്പോള്‍ 5 ലക്ഷം രൂപ വരുമാനമുള്ള യൂട്യൂബ് വ്‌ലോഗര്‍

ഒഡീഷ: ലോക്ക്ഡൗണ്‍ കാലത്ത് 3000 രൂപ വായ്പയെടുത്ത് വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ യൂട്യൂബ് വ്‌ലോഗര്‍ ആയി താരമായിരിക്കുകയാണ് ഐസക് മുണ്ട എന്ന ആദിവാസി യുവാവ്.

ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലെ ബാബുപാലി എന്ന ഗ്രാമത്തില്‍ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്‌ലോഗര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത്. കൂലിത്തൊഴിലാളി ആയിരുന്ന മുണ്ട, കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സുഹൃത്തിന്റെ ഫോണില്‍ ചില യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്.

3000 രൂപ വായ്പയെടുത്താണ് ചാനലില്‍ ആദ്യ വീഡിയോ എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മുണ്ട നടത്തിയത്. ആവശ്യത്തിന് കറിയില്ലാതെ ഒരു പ്ലേറ്റ് നിറയെ ചോറ് വളരെ വേഗത്തില്‍ കഴിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തരുന്ന വീഡിയോയാണ് മുണ്ട ആദ്യമായി ചെയ്തത്.

യൂട്യൂബില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് വ്യൂസും നിരവധി കമന്റുകളും ലഭിച്ചു. മിക്കവാറും എല്ലാം കമന്റുകളും മുണ്ടയെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു. പിന്നീട് ലൈക്കുകളും കമന്റുകളും വര്‍ദ്ധിച്ചു കൊണ്ടിരുന്നു.

ഈ വീഡിയോയുടെ ജനപ്രീതി ഓരോ ദിവസം തോറും കൂടാന്‍ തുടങ്ങി. ഇതോടെ ‘ഐസക് മുണ്ട ഈറ്റിംഗ്’ എന്ന യൂട്യൂബ് ചാനലില്‍ കൂടുതല്‍ വീഡിയോകള്‍ ചെയ്യാന്‍ ഐസക് നിര്‍ബന്ധിതനായി. മാസങ്ങള്‍ക്കുള്ളില്‍, ഐസക് മുണ്ട തന്റെ യൂട്യൂബ് വീഡിയോകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാന്‍ തുടങ്ങി. ഇതോടെ കൂലിപ്പണിക്ക് പോകുന്നതും നിര്‍ത്തി.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ മുണ്ട 3000 രൂപ വായ്പ എടുത്തിരുന്നു. മുണ്ടയുടെ ആദ്യ വീഡിയോ 4.99 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. തുടര്‍ന്ന് തന്റെ വീട്ടിലെയും ഗ്രാമത്തിലെയും ജീവിത രീതികളെക്കുറിച്ചുള്ള വീഡിയോകളാണ് മുണ്ട യൂട്യൂബിലൂടെ പുറംലോകത്തെ കാണിച്ചത്. ‘എന്റെ വീഡിയോകള്‍ ആളുകള്‍ സ്വീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഇപ്പോള്‍ യൂട്യൂബില്‍ നിന്ന് മാന്യമായ വരുമാനം ഉണ്ടാക്കുന്നുണ്ട്’ – മുണ്ട എന്ന 35കാരന്‍ പറയുന്നു.

2020 ജൂണില്‍, തന്റെ ആദ്യ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മൂന്നു മാസം തികഞ്ഞപ്പോള്‍ ഐസക് മുണ്ടയ്ക്ക് 37,000 രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. മൂന്നു മാസത്തിനു ശേഷം 5 ലക്ഷം രൂപയായി മുണ്ടയുടെ യൂട്യൂബ് വരുമാനം ഉയര്‍ന്നു. ഒഡിഷയുടെ പടിഞ്ഞാറന്‍ ഭാഷയായ സംബാല്‍പുരിയിലും ഹിന്ദിയിലുമാണ് മുണ്ട വീഡിയോകളില്‍ സംസാരിക്കുന്നത്.

ശാന്തമായ ഗ്രാമീണ ജീവിതത്തെയും അവിടെ താമസിക്കുന്ന ദാരിദ്ര്യ ജനവിഭാഗങ്ങളുടെ ഭക്ഷണ ശീലങ്ങളെയും കുറിച്ചുള്ള വീഡിയോകളാണ് മുണ്ട പോസ്റ്റ് ചെയ്യുന്നത്. 2020 മാര്‍ച്ച് മുതല്‍ ഇതുവരെ മുണ്ട 256 വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. മുണ്ടയുടെ യൂട്യൂബ് ചാനലിന് നിലവില്‍ 7.29 ലക്ഷത്തിലധികം വരിക്കാരുണ്ട്.

‘ഞാന്‍ ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതിനാല്‍, എന്റെ ഗ്രാമത്തിലെ എന്റെ സ്വന്തം ഗോത്രം, സംസ്‌കാരം, ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വീഡിയോകള്‍ തയ്യാറാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ആളുകള്‍ക്ക് ഞങ്ങളുടെ ലളിതമായ ജീവിതത്തെക്കുറിച്ച് അറിയാന്‍, കാട്ടു കൂണ്‍ ശേഖരിക്കുന്നത് എങ്ങനെയെന്നും മുളയരി കഴിക്കുന്നത് എങ്ങനെയെന്നുമൊക്കെയാണ് വീഡിയോകളിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നത്’ – മുണ്ട പറയുന്നു.

മുണ്ടയുടെ യൂട്യൂബ് വിജയത്തില്‍ ഭാര്യ സബിതയും വളരെ സന്തോഷവതിയാണ്. ‘ഒരിക്കല്‍ അദ്ദേഹം ഞങ്ങള്‍ താമസിക്കുന്ന മണ്ണ് കൊണ്ട് തേച്ച വീടിന്റെ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. പലരും ഇത് കണ്ടു. ഇഷ്ടികയും സിമന്റും കൊണ്ടുള്ള വീട് പണിയാന്‍ ഭുവനേശ്വറിലെ ഒരു സ്ഥാപനം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്,’ – സബിത പറയുന്നു.

Exit mobile version