കൊല്‍ക്കത്ത: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു.
ഭിന്ന താത്പര്യമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. കേസില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ജസ്റ്റിസ് കൗശിക് ചന്ദ രൂക്ഷമായി വിമര്‍ശിച്ചു.
ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി മമത മുന്‍കൂട്ടി നീക്കം നടത്തിയെന്നാരോപിച്ച ജഡ്ജി ഭരണഘടനാപരമായ ഉത്തരവാദിത്തം അവര്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായ സുവേന്ദു അധികാരി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് മമത ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജസ്റ്റിജ് കൗശിക് ചന്ദയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മമത കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് ജൂണ്‍ 16ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മമത കത്ത് അയക്കുകയും ചെയ്തിരുന്നു. ജഡ്ജിക്ക് ബിജെപി ബന്ധമുളളതിനാല്‍ പ്രതിക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊളളാന്‍ സാധ്യതയുണ്ടെന്നായിരുന്നു കത്തിന്റെ ഉളളടക്കം.
കൊല്‍ക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായുളള ചന്ദയുടെ നിയമനത്തെ താന്‍ ഏപ്രിലില്‍ എതിര്‍ത്തിരുന്നുവെന്നും അതിനാല്‍ പക്ഷപാതത്തിനുളള സാധ്യതകള്‍ ഉണ്ടെന്നും മമത പറഞ്ഞിരുന്നു.
Discussion about this post