കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും; പ്രഖ്യാപനവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം നല്‍കുന്നത്. ചെവ്വാഴ്ച ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഡല്‍ഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചുവെന്നും കുട്ടികളടക്കം നിരവധി പേര്‍ അനാഥരായെന്നും പല കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടുവെന്നും ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധതിയെന്നും അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.

ARAVIND KEJRIWAL | BIGNEWSLIVE

കോവിഡ് മൂലം അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായം നല്‍കും. കൂടാതെ 2500 രൂപ പ്രതിമാസം പെന്‍ഷനും നല്‍കും. മാതാപിതാക്കള്‍ കോവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ മാസവും 2500 രൂപവീതം നല്‍കും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരും.സമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

അപേക്ഷ സമര്‍പ്പിക്കാനായി ബുധനാഴ്ച വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതിനിധി വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുമെന്നും കെജരിവാള്‍ വ്യക്തമാക്കി.

Exit mobile version