ന്യൂഡല്‍ഹി: യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തി രണ്ടാം മോഡി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടന ബുധനാഴ്ച. ജൂലൈ ഏഴിന് വൈകിട്ട് ആറുമണിക്ക് പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പുതുക്കിയ മന്ത്രിസഭാ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ചരിത്രത്തില്‍ മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയായിരിക്കും രൂപം കൊള്ളുക.
സ്ത്രീകള്‍ക്കും വിവിധ ന്യൂനപക്ഷ സാമൂദായിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ മന്ത്രിസഭ ഒരുങ്ങുക. പുനസംഘടനയോടെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം 20 പിന്നിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയിലെ ശരാശരിയും ഉയര്‍ത്തുന്നതായിരിക്കും പുനസംഘടന.
ഓരോ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളെയും പ്രത്യേകം പരിഗണിച്ചായിരിക്കും തീരുമാനം. അതില്‍ 2024ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ ഡല്‍ഹിയിലേക്ക് തിരിച്ച നേതാക്കള്‍ക്ക് മന്ത്രിസ്ഥാനമുണ്ടെന്നാണ് സൂചന. ജ്യോതിരാധിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, എല്‍ജെപിയുടെ പശുപതി പരസ്, നാരായണ റാണെ, വരുണ്‍ ഗാന്ധി എന്നിവരടക്കമുള്ളവരാണ് നിലവില്‍ പുനസംഘടനയോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ തുടരുന്നത്.
മന്ത്രിസഭാ പുനസംഘടനാ ഇന്ന് നടന്ന നിര്‍ണ്ണായക യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തതായാണ് വിവരം. പുനഃസംഘടനയില്‍ ചില മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല നല്‍കിയേക്കുമെന്നാണ് അതില്‍ ഒന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.