ലഖ്‌നൗ : രാജ്യത്ത് പെട്രോള്‍ വില സെഞ്ച്വറി അടിച്ച സാഹചര്യത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ധനക്കടത്ത് വ്യാപകമാകുന്നു. നേപ്പാളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് പെട്രോളും ഡീസലും കടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാളിനും ഇന്ത്യക്കും ഇടയില്‍ തുറന്ന അതിര്‍ത്തിയാണ് എന്നതിനാല്‍ ഇതു വഴി ഇന്ധനം കടത്തുന്നതിന് വലിയ തടസ്സങ്ങളില്ല. നേപ്പാളില്‍ പെട്രോള്‍ ലിറ്ററിന് 78 രൂപയും ഡീസലിന് 66 രൂപയുമാണ് വില. ഇരുപത്തിയഞ്ച് രൂപയോളം വ്യത്യാസമുണ്ട് എന്നതിനാല്‍ ലാഭം നോക്കി അതിര്‍ത്തി പ്രദേശങ്ങളിലുള്ള മിക്കവരും ഇന്ധനത്തിനായി നേപ്പാളിനെ ആശ്രയിക്കുകയാണ്. നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങി അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മറിച്ച് വില്‍ക്കുന്നവരും കുറവല്ല. നിരവധി പേരെയാണ് ഇതിനോടകം ഇന്ധനക്കടത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി 1750 കിലോമീറ്ററുകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. ഇതിലേ യാതൊരു തടസ്സങ്ങളുമില്ലാതെ ആര്‍ക്ക് വേണമെങ്കിലും രാജ്യം കടക്കാം.ഞായറാഴ്ച അതിര്‍ത്തിയില്‍ നിന്ന് അമ്പതും, നൂറും ലിറ്റര്‍ പെട്രോളുമായി രണ്ട് യുവാക്കളെ എസ്എസ്ബി സംഘം അറസ്റ്റ് ചെയ്തിരുന്നു. നേപ്പാള്‍ സ്വദേശികളായ ഇരുവരും പെട്രോള്‍ വില്‍ക്കുന്നതിനായാണ് അതിര്‍ത്തി കടന്നത്. അതിര്‍ത്തികളിലുള്ള ഊട് വഴികളും മറ്റും മനപാഠമായതിനാല്‍ പോലീസിനെയും അന്വേഷണസംഘത്തെയും പറ്റിച്ച് അതിര്‍ത്തി കടക്കുന്നവരും കുറവല്ല.
അിര്‍ത്തികളില്‍ 24 മണിക്കൂറും സൈന്യത്തിന്റെ നിരീക്ഷണമുണ്ടെങ്കിലും ഗ്രാമവാസികള്‍ ഇത്തരം ഊടുവഴികളിലൂടെ രാജ്യം കടക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് എസ്എസ്ബി ഇന്‍-ചാര്‍ജ് കമാന്‍ഡര്‍ അമിത് സിങ് അറിയിച്ചു. ലാഭം കിട്ടുന്ന പരിപാടിയായതിനാല്‍ പിടികൂടിയാലും ആളുകള്‍ ഇന്ധനം അതിര്‍ത്തി കടത്തുന്നത് നിര്‍ത്താനൊരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post