ലഖ്‌നൗ: കാണാതായ അച്ഛനെ അന്വേഷിച്ചു പോയ മകന്‍, അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് ഞെട്ടി. ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയിലെ ബിസൗലിയില്‍ താമസിക്കുന്ന 22-കാരന്റെ ജീവിതത്തിലാണ് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായിരിക്കുന്നത്.
കാണാതായ അച്ഛനെ അന്വേഷിച്ചു ചെന്നപ്പോഴാണ് അകന്നു കഴിഞ്ഞിരുന്ന ഭാര്യയാണ് തന്റെ പിതാവിനെ വിവാഹം കഴിച്ചതെന്ന വിവരം യു.പി.യിലെ 22-കാരന്‍ അറിയുന്നത്.
വീട് വിറ്റ് മറ്റൊരു സ്ഥലത്ത് താമസിക്കുകയായിരുന്നു അച്ഛന്‍. ഇദ്ദേഹത്തെ കണ്ടെത്താന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പിതാവ് തന്റെ ഭാര്യയോടൊപ്പം താമസിക്കുന്നതായി യുവാവിന് വിവരം ലഭിച്ചത്.
2016-ലാണ് 22 കാരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ആ സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആറു മാസത്തിന് ശേഷം ദാമ്പത്യപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി.
ഭാര്യയെ തിരികെ കൊണ്ടുവരാന്‍ യുവാവ് ശ്രമിച്ചെങ്കിലും വിവാഹമോചനമെന്ന ആവശ്യത്തില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടി യുവാവിനൊപ്പം വരാന്‍ തയ്യാറായതുമില്ല.
ഇതിനു പിന്നാലെയാണ് യുവാവിന്റെ പിതാവ് വീട്ടില്‍നിന്ന് താമസം മാറിയത്. ഇദ്ദേഹം യു.പി.യിലെ സാംബലിലാണ് പിന്നീട് താമസിച്ചു വന്നിരുന്നത്. ഇതിനിടെ, പിതാവ് തനിക്ക് പണം അയച്ചു നല്‍കാതായതോടെ പിതാവിനെ കണ്ടെത്താനായി യുവാവിന്റെ ശ്രമം.
പിതാവിനെ കണ്ടെത്താന്‍ വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കി. പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി നല്‍കണമെന്നായിരുന്നു അപേക്ഷ.
ഈ അപേക്ഷക്കുള്ള മറുപടിയിലാണ് പിതാവ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചെന്ന വിവരം യുവാവ് അറിയുന്നത. പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ യുവാവിന്റെ അച്ഛനുമായി നിയമപ്രകാരം വിവാഹം ചെയ്‌തെന്നും ഇവര്‍ക്ക് രണ്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് 22-കാരന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.