കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെച്ചിടണം: വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

asssam | bignewslive

ഗുവഹാത്തി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ വെടിവെക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.അടുത്തകാലത്തായി അസമില്‍ നടന്ന ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഹിമന്തയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ബലാല്‍സംഗം, ലൈംഗിക പീഡനം, കയ്യേറ്റം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും കൊലപാതകം, ആയുധക്കടത്ത്, മയക്കുമരുന്ന് കേസുകള്‍ക്കൊപ്പം സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളിലും വേഗത്തിലുള്ള വിചാരണ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ സമ്മര്‍ദത്തിനോ മറ്റ് പ്രലോഭനങ്ങള്‍ക്കോ വഴങ്ങാതെ പോലീസുകാര്‍ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യപരവും ജനസൗഹാര്‍ദപരവുമായ സേവനം പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ക്ക് കറ കളഞ്ഞ കുറ്റപത്രം തയ്യാറാക്കുന്നതിന് പരിശീലനം നല്‍കുമെന്നും നീതി നിര്‍വഹണത്തിനായി കൂടുതല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പതിനഞ്ച് ദിവത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധനാസൗകര്യം ലഭ്യമാക്കുമെന്നും ഹിമന്ത് കൂട്ടിച്ചേര്‍ത്തു.

Exit mobile version