ലഖ്നൗ: ആഗ്രയിലെ കോച്ചിംഗ് സെന്ററില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. യമുനാ നദിതീരത്ത് വെച്ചാണ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബാച്ചിലര്‍ ഓഫ് ടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് നാലംഗ സംഘത്തിന്റെ ഇരയായി മാറിയത്.
ചൊവ്വാഴ്ച വൈകീട്ടോടെ കോച്ചിംഗ് സെന്ററിലേക്ക് സ്കൂട്ടിയില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
യമുനാ നദിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയെ എത്തിച്ചതിന് ശേഷം നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തട്ടിക്കൊണ്ടുപോയവര്‍ക്ക് പുറമെ നദീതീരത്ത് ഉണ്ടായിരുന്ന രണ്ട് പേരും തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു യാത്രക്കാരന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി ആക്രമണത്തിന് ശേഷം വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Discussion about this post