മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ശിവസേനയും ബിജെപിയും തമ്മിൽ അടുക്കുന്നു. ഭിന്നതയിലുള്ള ഇരുകൂട്ടരും നിലപാട് മയപ്പെടുത്തി അടുത്തിടെയായി രംഗത്തെത്തിയത് വലിയ ചർച്ചയാവുകയാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ശിവസേനയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ശിവസേനയുമായി വീണ്ടും സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന്, സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന മറുപടിയാണ് ഫഡ്‌നാവിസ് നൽകിയത്.
‘ഞങ്ങൾ ഒരിക്കലും ശത്രുക്കളല്ല. നേരത്തെ, ആരുമായാണോ പോരാടിയിരുന്നത് അവരുമായി ശിവസേന സഖ്യത്തിലായി സർക്കാർ രൂപീകരിച്ചപ്പോൾ ഞങ്ങളെ വിട്ടുപോയി. രാഷ്ട്രീയത്തിൽ ‘പക്ഷേ’കളില്ല. ഓരോ സാഹചര്യത്തിനനുസരിച്ചാണ് തീരുമാനമെടുക്കുക’ ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ അധികാര തർക്കത്തെ തുടർന്നാണ് സഖ്യകക്ഷികളായിരുന്ന ശിവസേനയും ബിജെപി പിണങ്ങിയത്. തുടർന്ന്, കോൺഗ്രസും എൻസിപിയുമായി ചേർന്ന് ശിവസേന സഖ്യം രൂപീകരിക്കുകയും അധികാരം നേടുകയും ചെയ്തു.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായെങ്കിലും രണ്ടര വർഷത്തിന് ശേഷം കോൺഗ്രസ്-എൻസിപി സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു ധാരണ. പിന്നീട് ഉദ്ധവ് താക്കറെ തന്നെ അഞ്ചു വർഷവും തുടരുമെന്നും പ്രഖ്യാപനമുണ്ടായി. അടുത്തകാലത്തായിസഖ്യത്തിനുള്ളിൽ ഈയിടെ അഭിപ്രായ ഭിന്നതകൾ രൂക്ഷമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ, ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് സന്ദർശിച്ചതും ഏറെ ചർച്ചയാവുകയാണ്.