നോട്ട് നിരോധനം പൗരന്മാരുടെ ജീവനെടുത്തു; ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രസര്‍ക്കാര്‍; നാലു പേര്‍ മരിച്ചെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍

സിപിഎം എംപിയായ എളമരം കരീം രാജ്യസഭയില്‍ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യപിച്ച നോട്ടുനിരോധനം കാരണം നാലുപേര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. മൂന്ന് ബാങ്ക് ജീവനക്കാരും ഒരു കസ്റ്റമറുമാണ് മരണപ്പെട്ടതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. ഇതാദ്യമായാണ് നോട്ടുനിരോധനം കാരണം മരണം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നത്.

സിപിഎം എംപിയായ എളമരം കരീം രാജ്യസഭയില്‍ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. നാലു മരണങ്ങളും എസ്ബിഐയാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

നോട്ടുനിരോധനത്തിനു പിന്നാലെ ക്യൂവില്‍ നില്‍ക്കേണ്ടി വന്നതു കാരണവും മാനസിക സമ്മര്‍ദ്ദവും മാനസിക ആഘാതവും കാരണവും എത്ര മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് എളമരം കരീം ചോദിച്ചത്.

എസ്ബിഐ അല്ലാതെ മറ്റൊരു ബാങ്കും നോട്ടുനിരോധനം കാരണം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും 44 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു.

Exit mobile version