ന്യൂഡല്‍ഹി; എസ്പി യതീഷ് ചന്ദ്രയ്ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭയില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്കി. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നോട്ടീസ് നല്‍കിയത്. നോട്ടീസ് പരിഗണിക്കാമെന്നു സ്പീക്കര്‍ സുമിത്രാ മഹാജന് പൊന്‍ രാധാകൃഷ്ണന് ഉറപ്പ് നല്കി.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിനിടെ സൗകര്യങ്ങള്‍ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലില്‍ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊന്‍ രാധാകൃഷ്ണന് ആരോപിക്കുന്നു.
നവംബര്‍ 21-നു ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് കേന്ദ്രമന്ത്രി ചോദ്യം ചെയ്യുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്കി.
ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്പി ചോദിച്ചതാണു വിവാദമായത്. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് എസ്പിയോട് തട്ടിക്കയറി. എസ്പിക്കെതിരേ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.
Discussion about this post