വരാണസി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നയിക്കുമെന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിനെ പ്രിയങ്കാ ഗാന്ധി നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അറിയിച്ചു. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇതിനോടകം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തനിച്ച് മത്സരിച്ച് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു പറഞ്ഞു.
സംസ്ഥാനത്ത് മാറ്റത്തിന്റെ ചിറകടികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. യുപിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും. അതിന്റെ പേര് പ്രിയങ്ക ഗാന്ധിയെന്നാണ്-പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ ലല്ലു പറഞ്ഞു.
അതേസമയം, പ്രിയങ്ക ഗാന്ധിയായിരിക്കുമോ യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്നായിരുന്നു ലല്ലുവിന്റെ മറുപടി.
കോണ്‍ഗ്രസിനെ യുപിയിലുള്ളവര് പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും ലല്ലു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് എംഎല്എമാരേയുള്ളൂവെങ്കിലും 49 എംഎല്‍എമാരുള്ള എസ്പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് അദ്ദേഹം പറഞ്ഞു. 403 അംഗ നിയമസഭയാണ് യുപിയിലുള്ളത്.
Discussion about this post