ന്യൂഡല്‍ഹി : മുഖ്യമന്ത്രിയോട് അനാദരവ് പുലര്‍ത്തുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തി എന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടു. ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ അവതരണ പഠനവിഭാഗം എം.എ വിദ്യാര്‍ഥിനി നേഹയ്ക്കാണ് സര്‍വകലാശാല പിഴയിട്ടത്.
എസ്സി, എസ്ടി വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ ഫീസ് അകാരണമായി വര്‍ധിപ്പിച്ചതിനെതിരെയാണ് നേഹ വിമര്‍ശിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഡിസംബറില്‍ ഓണ്‍ലൈനായി നടന്ന സര്‍വകലാശാലയുടെ ഒമ്പതാം കോണ്‍വക്കേഷന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയും ചെയ്തു. ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളായിരുന്നു വിശിഷ്ടാതിഥി. വിദ്യാര്‍ഥികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശ്രദ്ധയില്ലെന്നും നേഹ വിമര്‍ശിച്ചിരുന്നു. കമന്റ് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നേഹയ്ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
സസ്പെന്ഷന് നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നേഹ അവസാന വര്‍ഷ വിദ്യാര്‍ഥി ആണ് എന്നതിനാല്‍ ശിക്ഷ പിഴയില്‍ ഒതുക്കുകയായിരുന്നു. ഫൈനല്‍ പരീക്ഷ എഴുതണമെങ്കില്‍ 5000 രൂപ പിഴയടയ്ക്കണമെന്നാണ് ശിക്ഷാനടപടി. പരാമര്‍ശം സമ്മതിച്ച നേഹ ഖേദപ്രകടനം നടത്താന്‍ തയ്യാറായില്ല. സര്‍വകലാശാലയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് അവര്‍ പ്രതികരിച്ചു. പ്രതിഷേധിച്ചവരില്‍ തന്നെ കൂടാതെ പന്ത്രണ്ട് പേരെങ്കിലും ഉണ്ടെന്നും അവര്‍ക്കൊന്നും നോട്ടീസ് നല്‍കാതെ തന്നെ മാത്രം ഉള്‍പ്പെടുത്തിയാണ് നടപടിയെന്നും നേഹ പരാതിപ്പെട്ടു.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നേഹ. നടപടി ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഐസ ഉള്‍പ്പടെയുള്ള വിദ്യാര്ഥിസംഘടകള്.
Discussion about this post