കൊച്ചി: കിറ്റെക്സിനെ ക്ഷണിച്ച് തമിഴ്നാട് സര്‍ക്കാര്‍. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി കിറ്റെക്സിനെ ക്ഷണിച്ചു. തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിട്ടിയെന്ന് എംഡി സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണം. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്നാട് വാഗ്ദാനം ചെയ്തുവെന്നും കിറ്റെക്സ് അവകാശപ്പെട്ടു.
മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി, ബൗദ്ധിക സ്വത്തവകാശ ചെലവ്ക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായവും നല്‍കും
ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വര്‍ഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ നല്‍കും.
ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കാമെന്നും തമിഴ്നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗൗരവ് ദാഗ കിറ്റെക്സ് എംഡി സാബു ജേക്കബിന് അയച്ച ക്ഷണക്കത്തില്‍ പറയുന്നു.
അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.
ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനകള്‍
നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതേസമയം, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post