ഭോപാൽ: ഗ്രാമത്തിലെ റോഡ് ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായതിന്റെ ഞെട്ടലിലാണ് ഈ നാട്ടുകാർ. റോഡ് കാൺമാനില്ലെന്ന പരാതിയുമായി ഗ്രാമവാസികൾ പോലീസ് സ്‌റ്റേഷനിൽ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം ഒറ്റ രാത്രികൊണ്ടാണ് ചളിക്കുളമായി പോയത്. തുടർന്ന് റോഡ് പണിയിൽ അഴിമതി നടന്നതായി വ്യക്തമായി.
തങ്ങളുടെ ഗ്രാമത്തിലെ ഒരു ഭാഗത്ത് റോഡുണ്ടായിരുന്നു. എന്നാൽ നേരം വെളുത്തപ്പോൾ റോഡ് കാണാതാകുകയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ പരാതിയിൽ പറയുന്നത്. ജൻപത് പഞ്ചായത്ത് ഓഫീസിലും നിരവധി പരാതികളെത്തിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സിദ്ധി ജില്ലയിലെ പ്രദേശമാണ് മേന്ദ്ര ഗ്രാമം. ഗ്രാമത്തിൽ റോഡ് നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് ഉദ്യോഗസ്ഥർ തിരിമറി നടത്തി തട്ടിയെടുത്താതായാണ് പ്രദേശവാസികളുടെ ആരോപണം.
ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചും പ്രദേശവാസികളും ചേർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ട് ഉടൻ ആവശ്യപ്പെടുമെന്നും പഞ്ചായത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഗ്രാമത്തിൽ പേരിനായി റോഡ് നിർമ്മിക്കുകയുമായിരുന്നു. മൺസൂൺ എത്തിയതോടെ റോഡ് പൊളിഞ്ഞ് ചളിക്കുളമായി. 2017ലാണ് റോഡ് നിർമ്മിക്കാൻ പണം അനുവദിച്ചിരുന്നത്. ആറുമാസത്തിനുശേഷം റോഡ് 10 ലക്ഷം രൂപ ബജറ്റിൽ നിർമ്മിച്ചതായും രേഖകളിൽ കാണിക്കുന്നുണ്ട്. അധികൃതർ വിവരം അന്വേഷിച്ചപ്പോൾ കരാർ എടുത്തവർ റോഡ് താൽകാലികമായി നിർമ്മിക്കുകയും ഒറ്റ രാത്രിയിലെ മഴയോടെ ഇവ ഒലിച്ചുപോകുകയുമായിരുന്നുവെന്നും പറയുന്നു. ഇതോടെ ലക്ഷങ്ങളുടെ അഴിമതി അന്വേഷിക്കാൻ ഒരുങ്ങുകയാണ് പ്രദേശിക ഭരണകൂടം.
Discussion about this post