ചെന്നൈ: 30 കിലോമീറ്ററോളം കാൽനടയായി നടന്ന് ആദിവാസി ഊരിലെത്തി ജനക്ഷേമം ഉറപ്പുവരുത്തി ഈ ആശാവർക്കർ. നീലഗിരിയിലെ കോത്തഗിരിയിലാണ് കിലോമീറ്ററുകൾ നടന്ന് ആദിവാസി ഗ്രാമങ്ങളിലെത്തി ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും സഹായിക്കുകയാണ് ഇവർ. 50കാരിയായ വസന്ത കുമാരിയാണ് മനുഷ്യത്വത്തിന്റെ മാതൃക തീർക്കുന്നത്.
നടന്ന് തന്നെ 15ഓളം ആദിവാസി ഗ്രാമങ്ങളിലെത്താൻ ഈ 50കാരിക്ക് മടിയില്ല. പത്തുവർഷത്തോളമായി ആശ വർക്കറായി ജോലിചെയ്യുകയാണ് വസന്തകുമാരി. ഗർഭിണികളായ സ്ത്രീകളെയും പ്രസവിച്ച സ്ത്രീകളെയും സഹായിക്കുന്നതിനാണ് വസന്തകുമാരി മലകയറിയിറങ്ങുന്നത്.
ആദിവാസി ഗ്രാമങ്ങളെ സഹായിക്കുക എന്നതിനായിരുന്നു ഇതുവരെ മുൻതൂക്കം നൽകിയിരുന്നത്. ലോക്ക്ഡൗണിന് മുമ്പ് വാഹനം ലഭിക്കുമായിരുന്നുവെങ്കിലും ലോക്ക്ഡൗണോടെ വാഹനം ലഭിക്കാതെ വന്നതോടെ കാൽനടയായായിരുന്നു വസന്തയുടെ സഞ്ചാരം. നവജാതശിശുക്കളെ പരിപാലിക്കേണ്ടതെങ്ങനെയെന്നും അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതെങ്ങനെയെന്നും അമ്മമാർക്ക് പറഞ്ഞുമനസിലാക്കും.
സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. മാസം 1500 രൂപ മാത്രം നൽകും വസന്ത പറഞ്ഞു. ഓരോ ഗ്രാമങ്ങളിലും അമ്പതോളം ആദിവാസി കുടുംബങ്ങളുണ്ട്. എല്ലാവർക്കും സഹായം ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് താനെന്ന് വസന്തകുമാരി പറയുന്നു.
Discussion about this post