ബിലാസ്പൂര്‍: താന്‍ കരഞ്ഞു തീര്‍ത്ത കുട്ടിക്കാലം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുത്ത് മനീഷയുടെ ജീവിതം. ഛത്തീസ്ഗഢില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണ് മനീഷ. വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും വേദനകളും നിറഞ്ഞതായിരുന്നു അവരുടെ കുട്ടിക്കാലം. അഞ്ചാമത്തെ വയസില്‍ രക്ഷിതാക്കള്‍ തന്നെ ഉപേക്ഷിച്ചതാണെന്ന് മനീഷ പറയുന്നു.
മനീഷ മറ്റ് കുട്ടികളെ പോലെ അല്ലെന്നും വീട്ടുകാര്‍ക്ക് അപമാനമാവുമോ എന്നും ഭയന്ന് അവരവളെ ആദ്യമെല്ലാം പൂട്ടിയിട്ടു. പുറത്തിറങ്ങിയാലും ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ അവളെ കൂടെക്കളിക്കാന്‍ പോലും കൂട്ടില്ല. ഒടുവിലാണ് മനീഷയെ തെരുവില്‍ ഉപേക്ഷിച്ചത്. ജീവിക്കാന്‍ വഴി കാണാതെ അവള്‍ക്ക് അലയേണ്ടി വന്നു. ആ കുട്ടിക്കാലമാണ് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മനീഷയെ പ്രേരിപ്പിച്ചത്. പത്തോളം കുഞ്ഞുങ്ങളെ മനീഷ ദത്തെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും ചെറിയ കുഞ്ഞിന് ഏഴ് മാസമാണ് പ്രായം.
അക്കൂട്ടത്തിലൊരു കുഞ്ഞിന്റെ അച്ഛനും അമ്മയും മരിച്ചതാണ്. താക്കൂര്‍ ദാദമാര്‍ ആ കുട്ടിക്ക് മദ്യം നല്‍കുകയും ഉപദ്രവിക്കുകയും ഒടുവില്‍ വലിച്ചെറിയുകയും ചെയ്തു. അവിടെക്കിടന്ന് കുട്ടിയെ ഉറുമ്പുകള്‍ കടിച്ചു. ആ കുഞ്ഞിനെ മനീഷ ആശുപത്രിയിലെത്തിച്ചു. അവരുടെ കൈയ്യില്‍ ചികിത്സയ്ക്ക് നല്‍കാന്‍ പണമില്ലായിരുന്നു. പക്ഷേ, ഫീസിലധികവും ഡോക്ടര്‍ തന്നെ നല്‍കി. ആ കുഞ്ഞിനെ നോക്കാമോ എന്ന് അവളോട് ചോദിച്ചു. അങ്ങനെ ആ കുഞ്ഞിനെയും മനീഷ കൂടെക്കൂട്ടുകയായിരുന്നു. സാധിക്കുന്ന എല്ലാ ജോലിയും ചെയ്താണ് അവള്‍ ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നത്.
മനീഷയുടെ വാക്കുകള്‍;
‘എന്റെ അച്ഛന്‍ എന്നെ ഉപേക്ഷിച്ചു. അമ്മയും വീട്ടുകാരും എന്നെ ഉപേക്ഷിച്ചു. ദിവസങ്ങളോളം എനിക്ക് പാലോ, ഭക്ഷണമോ ഒന്നും കിട്ടിയില്ല. അന്ന് ഞാന്‍ പ്രതിജ്ഞ എടുത്തതാണ് എന്നെങ്കിലും ഞാനൊരു അമ്മയാകും. അന്ന് അച്ഛനോ അമ്മയോ ഇല്ലാത്ത ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കും. അവരുടെ അമ്മയും അച്ഛനും എല്ലാം ഞാനാകും.’